ADS!

ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതൽ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചും മല്ലപ്പള്ളി സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

പത്തനംതിട്ട : ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തും, കൂടുതൽ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങൾ നിക്ഷേപിപ്പിച്ച് കബളിപ്പിച്ചെടുത്ത കേസിൽ ഒരു പ്രതിയെ ജില്ലാ സൈബർ ക്രൈം പോലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ പുലമ്മാന്തോൾ ചെമ്മലശ്ശേരി പോസ്റ്റിൽ പാറക്കടവ് കണക്കാഞ്ചേരി ഹൌസിൽ കെ മുഹമ്മദ്‌ ഫവാസ് (24)ആണ് അറസ്റ്റിലായത്. 

ജില്ലാ പോലീസ് മേധാവി കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയതിനെ തുടർന്ന് നൽകിയ നിർദേശപ്രകാരം പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ വ്യാപകമാക്കിയ അന്വേഷണത്തിൽ, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. ജൂൺ 3 ന് നോട്ടീസ് നടത്തി വിളിപ്പിക്കുകയും, തുടർന്ന് ഇന്നലെ സൈബർ ക്രൈം സ്റ്റേഷനിൽ ഹാജരായ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അന്വേഷണവുമായി പ്രതി സഹകരിച്ചില്ല, പിന്നീട് അറസ്റ്റ് അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ 13.30 ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നിയമാനുസരണം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫവാസ് ഉൾപ്പെടെയുള്ള പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തി ഇന്റർനെറ്റ് മുഖാന്തരം പരാതിക്കാരനായ മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയായ 27 കാരനെ ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തും, കൂടുതൽ ലാഭം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും, 2023 ഒക്ടോബർ 26 രാവിലെ 10 ന് വാട്സാപ്പ് നമ്പരിൽ ബന്ധപ്പെട്ടു. ജോലി വാഗ്ദാനം നൽകിയും @aar879avi6 എന്ന ടെലിഗ്രാം ഐ ഡി വഴിയും മറ്റും പ്രലോഭിപ്പിച്ചും കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ പാർട് ടൈം ജോലിക്ക് പണം നിക്ഷേപിക്കാൻ പ്രേരിപ്പിപ്പിച്ചു. തുടർന്ന്, ഒക്ടോബർ 26, 27, 30 തീയതികളിൽ യുവാവിന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൌണ്ടിൽ നിന്നും യു പി ഐ കൈമാറ്റത്തിലൂടെ പ്രതികളുടെ നാല് യു പി ഐ ഐ ഡികളിലേക്കും, പഞ്ചാബ് നാഷണൽ ബാങ്ക്,ഇന്ത്യൻ ബാങ്ക് , ഐ സി ഐ സി ഐ ബാങ്ക്, എന്നിവയുടെ വിവിധ അക്കൌണ്ടുകളിലേക്കും പലപ്രാവശ്യമായി 13,44,590 രൂപ തട്ടിയെടുക്കുകയായിരുന്നു. 

പണം തിരികെലഭിക്കാതെ വഞ്ചിക്കപ്പെട്ട യുവാവ്, 2023 ഡിസംബർ 14 ന് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന്, അന്നത്തെ പോലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ്ജ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐ ടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരവും, വിശ്വാസവഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുവുമാണ് കേസെടുത്തത്.

കേസ്സിന്റെ അന്വേഷണം ജോബിൻ ജോർജ്ജും തുടർന്നുവന്ന പോലീസ് ഇൻസ്‌പെക്ടർ ആർ എസ് ആദർശും നടത്തി. പിന്നീട്, 2025 ഏപ്രിൽ രണ്ടുമുതൽ ബി കെ സുനിൽ കൃഷ്ണൻ ആണ് അന്വേഷണം ഏറ്റെടുത്ത് നടത്തുന്നത്. നിരന്തരമായ അന്വേഷണത്തിൽ ഫവാസിന്റെ അക്കൗണ്ടുകൾ കണ്ടെത്താൻ സാധിച്ചു. ഇയാൾ ഉൾപ്പെടെയുള്ള പ്രതികൾ, പരാതിക്കാരനിൽ നിന്നും 8 ബാങ്ക് അക്കൌണ്ടുകളിലൂടെ പണം തട്ടിയെടുത്തതായും, ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചപ്പോൾ ഫവാസ് 5 ലക്ഷം രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു അക്കൌണ്ടിൽ നിന്നും 2023 ഒക്ടോബർ 27 ന് എസ് ബി ഐ അക്കൌണ്ടിലേക്ക് 2,09, 705 രൂപ എത്തിയതായും കണ്ടെത്തി. ഇത് ഉൾപ്പടെ ഈ അക്കൌണ്ടിൽ നിന്നും 4 ലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് ഇയാൾ പിൻവലിച്ചതായും വ്യക്തമായി. 

പരാതിക്കാരന് നഷ്ടമായ തുകയിൽ ഒരുഭാഗം പ്രൈമറി അക്കൗണ്ടിൽ നിന്നും അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ടിലേക്കാണ് വന്നത്. പിൻവലിച്ച 4 ലക്ഷത്തിൽ 2 ലക്ഷം രൂപ ഈ കേസിലെ നഷ്ടപെട്ട തുകയാണെന്നും, ബാക്കിയുള്ളത് ഇതേ കാലയളവിൽ തന്നെ മാറ്റാരെയോ ചതിച്ച് ചെക്കിലൂടെ കൈക്കലാക്കിയതാണെന്നും വ്യക്തമായി. അക്കൗണ്ട് രേഖകളിൽ നിന്നും പോലീസ് സംഘം തിരിച്ചറിഞ്ഞു. അക്കൌണ്ട് സംബന്ധിച്ച വിശദാoശം, ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചപ്പോൾ പ്രതിയുടെ പേരിലുള്ളതാണെന്നും ചെക്ക് ഉപയോഗിച്ചുള്ള പിൻവലിക്കൽ വേറെയും നടത്തിയതായും വെളിവായി. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകൂ. പ്രതിയുടെ കൈവശം കാണപ്പെട്ട മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്കായി ബന്തവസ്സിലെടുത്തു. 

ഇനി കേസ്സിലെ മറ്റ് പ്രതികളെ പിടികൂടേണ്ടതും, അറസ്റ്റിലായ പ്രതിയുടെ സാന്നിദ്ധ്യത്തിൽ താമസസ്ഥലവും, ഇലക്ട്രോണിക് ഉപകരണങ്ങളും ബന്തവസ്സിലെടുക്കേണ്ടതുമുണ്ട്. കൂടാതെ, സൈബർ കേസ്സായതിനാൽ ഇലക്ട്രോണിക് തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധിനിക്കുന്നതിനും ഇടയുള്ളതായും പോലീസ് കണക്കുകൂട്ടുന്നു.

പ്രതിയുടെ അക്കൌണ്ടിലെത്തിയ പണം കണ്ടെടുക്കേണ്ടതുമുണ്ട്. ഇയാളുടെ അക്കൌണ്ടിൽ ലഭിച്ച മറ്റ് തുകകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താത്തതിനാലും, മറ്റേതെങ്കിലും സൈബർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാലും, പ്രതി സമാനമായ കുറ്റകൃത്യം ആവർത്തിക്കാതിരിക്കുന്നതിനും, സ്വതന്ത്രമായി വിട്ടയച്ചാൽ തെളിവുകൾ നശിപ്പിക്കുവാനും, ഒളിവിൽ പോകുവാൻ സാധ്യതയുള്ളതിനാലും സൈബർ കുറ്റകൃത്യം വർദ്ധിച്ചു വരുന്ന സാഹചര്യമുള്ളതിനാലും, ഉടനടി ജാമ്യം അനുവദിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുന്നതിനു വേണ്ട മേൽനടപടിക്ക് റിമാന്റപേക്ഷയിൽ പോലീസ് അപേക്ഷിച്ചു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ, സൈബർ പോലിസ് എസ് എച്ച് ഓ ബി കെ സുനിൽ കൃഷ്ണൻ, എ എസ് ഐ കെ ബി ഹരീഷ് കുമാർ, എസ് സി പി ഓ ജെ രാജേഷ്, എ അനിലേഷ്, c p ഓമാരായ ടി അനു, മനു മോഹനൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 


വളരെ പുതിയ വളരെ പഴയ