പത്തനംതിട്ട : ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ വിദഗ്ദ്ധമായ നീക്കങ്ങളിലൂടെ പോലീസ് വലയിലാക്കി. സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അതിവേഗത്തിലുള്ള നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. കോയിപ്രം ആലുംതറ ലക്ഷം വീട് കോളനിയിൽ അജിയെന്ന് വിളിക്കുന്ന ജയകുമാർ(42)ആണ് അറസ്റ്റിലായത്. രാപ്പകലുകൾ ഉറക്കളച്ചും ശ്രമകരമായതുമായ നീക്കങ്ങൾക്കൊടുവിൽ പോലീസ് നാലാം നാൾ ഉച്ചയോടെ തിരുവല്ലയിലെ സ്വകാര്യബാറിന് അടുത്തുനിന്നും കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42) ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്. ശാരിയുടെ പിതാവ് കെ ശശി, സഹോദരി രാധാമണി എന്നിവർക്ക് ഗുരുതരമായ പരിക്കുകൾ പറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കൽ മൊബൈൽ ഫോണോ പേഴ്സോ ഇല്ലായിരുന്നു. ഫോൺ ഉപയോഗിക്കാത്തത് ഇയാളെ കണ്ടെത്തുന്നതിൽ പോലീസിന് കനത്ത വെല്ലുവിളികളാണ് ഉയർത്തിയത്. ഞായറാഴ്ച മുതൽ തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞു കാടടച്ചുള്ള തെരച്ചിലിലായിരുന്നു പോലീസ് നടത്തിയത്. ഓരോ സംഘത്തിനും പ്രത്യേകം പ്രത്യേകം കർത്തവ്യങ്ങൾ വീതിച്ചു നൽകിയിരുന്നു. പ്രതിയെ കണ്ടു എന്ന് ആളുകൾ പറഞ്ഞ സ്ഥലങ്ങൾ പ്രത്യേകം കേന്ദ്രീകരിച്ച് ഒരു സംഘം തെരച്ചിൽ നടത്തി. ഈ പ്രദേശങ്ങളിലെ ഒഴിഞ്ഞുകിടന്ന വീടുകൾ, കാടുകയറിയ പുരയിടങ്ങൾ, പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ, പള്ളി സെമിത്തേരികൾ,സ്കൂളുകൾ തുടങ്ങിയിടങ്ങളിൽ ഇവർ തമ്പടിച്ച് പരിശോധന നടത്തി. തെരച്ചിലിന് ഡോഗ് സ്‌ക്വാഡിന്റെയും ഡ്രോണിന്റെയും സേവനം ലഭ്യമാക്കി.
പ്രതി രക്ഷപ്പെടാൻ സാധ്യതയുള്ള വഴികൾ അടച്ചുള്ള പരിശോധനയാണ് നടത്തിയത്. പ്രതി ഒളിച്ചിരുന്നതായി ആളുകൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് കാര്യങ്ങൾ നേരിട്ട് വിലയിരുത്തി കൃത്യമായ നിർദേശങ്ങൾ സംഘത്തിലെ അംഗങ്ങൾക്ക് നൽകി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ അന്വേഷണം ഏകോപിപ്പിച്ചു. വിവിധ സ്റ്റേഷനുകൾക്കും ജില്ലക്ക് പുറത്തും പ്രതിയെ സംബന്ധിച്ച് സന്ദേശം കോയിപ്രം പോലീസ് കൈമാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. പ്രതിയെപ്പറ്റി വിവരം കൈമാറാൻ ആളുകൾക്ക് ഫോൺ നമ്പരുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു.
തിരുവല്ല ഡിവൈഎസ്പി ആണ് വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അന്വേഷണം നയിച്ചത്. അന്വേഷണം വിവിധ തലങ്ങളിൽ പുരോഗമിക്കുന്നതിനിടെ, ഉച്ചയ്ക്ക് 12 ഓടെ തിരുവല്ല നഗരത്തിൽ പ്രതിയുണ്ടെന്ന രഹസ്യ വിവരം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് നഗരത്തിൽ നിന്നും പ്രതിയെ കണ്ടെത്തിയത്.തിരിച്ചറിഞ്ഞു പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മീശയും താടിയും വടിച്ചുകളഞ്ഞിരുന്നു.