ADS!

വെണ്ണിക്കുളം ജിമ്മിലെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ കേസിൽ ഒരാൾ അറസ്റ്റിൽ

പുറമറ്റം: പ്രാക്ടീസിന് എത്തിയയാൾ ലഹരി വസ്തുവായ ഹാൻസ് ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതിന്റെ വിരോധത്താൽ, അവിടെയുണ്ടായിരുന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായി പുരക്കൽപ്പിച്ച കേസിൽ ഒരാളെ കോയിപ്രം പോലീസ് പിടികൂടി. കേസിലെ മൂന്നാം പ്രതി പുറമറ്റം പടുതോട് വാലാങ്കര മരുതൂർ കാലായിൽ വീട്ടിൽ അപ്പാ എന്ന എം എ സുധീർ(45) ആണ് പിടിയിലായത്. 

പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്ററിലാണ് യുവാവിന് നേരേ ആക്രമണമുണ്ടായത്.  തെള്ളിയൂർ കോളഭാഗം വേലം പറമ്പിൽ വീട്ടിൽ അലൻ റോയി (19)ക്കാണ് ക്രൂരമർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് 6 30 നാണ് സംഭവം. ഏഴോളം പേർ ചേർന്നാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. 

സെന്ററിൽ പ്രാക്ടീസിന് എത്തിയ ഒന്നാംപ്രതി ഷിജിൻഷാനോട്‌ ഹാൻസ് ഉപയോഗിച്ചത്  അലൻ ചോദ്യം ചെയ്തതിന്റെ വിരോധത്താലായിരുന്നു ആക്രമണവും ക്രൂര മർദ്ദനവും നേരിടേണ്ടി വന്നത്. പ്രകോപിതനായ ഷിജിൻ, അലനെ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിനു കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തിയശേഷം തള്ളി താഴെ ഇട്ടു. തുടർന്ന്  തറയിൽ കിടന്ന ജിമ്മിൽ പ്രാക്ടീസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാറെടുത്ത് കൊല്ലുമെന്ന് ആക്രോശിച്ച് അലന്റെ തലയിൽ രണ്ടുവട്ടം അടിച്ചു. രണ്ടാം പ്രതി ബിൻസൺ കെ മാത്യു നെഞ്ചിൽ ചവിട്ടി. പിന്നീട് ഇവർ വിളിച്ചു വരുത്തിയ പ്രതികളിൽ കണ്ടാൽ അറിയാവുന്ന താടിയും മുടിയും നീട്ടി വളർത്തിയ മൂന്നാം പ്രതി കൊല്ലും എന്ന് പറഞ്ഞ് ഹെൽമറ്റ് കൊണ്ട് മൂക്കിലടിച്ചു. മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടായി.

വീണ്ടും അടിച്ചത്  ഇടതു കൈ  തടഞ്ഞപ്പോൾ ചെറുവിരലിന് പൊട്ടൽ ഏറ്റു. നാലാം പ്രതി കയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് ദേഹമാകെ മർദ്ദിച്ചു. അഞ്ചാം പ്രതി കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ച് മൂക്കിന് പരിക്കേൽപ്പിച്ചു. പുറത്തിറങ്ങിയാൽ കൊല്ലുമെന്ന്  പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ന് മൊഴി രേഖപ്പെടുത്തി കേസെടുത്ത കോയിപ്രം പോലീസ്,  ഇൻസ്‌പെക്ടർ പി എം ലിപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. വാലാങ്കരയിലെ പ്രതിയുടെ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞു, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് രാവിലെ 11.50 ന് അറസ്റ്റ് രേഖപ്പെടുത്തി.

ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് ബാർ,ഹെൽമറ്റ്, ബെൽറ്റ്‌ തുടങ്ങിയവ കണ്ടെടുത്തു. അറസ്റ്റിലായ സുധീർ കോയിപ്രം സ്റ്റേഷനിലെ 17  കേസുകളിൽ പ്രതിയാണ് എന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. കാപ്പ നടപടികൾക്കും ഇയാൾ വിധേയനായിട്ടുണ്ട്. റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളാണ്. ആറ്റിൽ നിന്ന് മണൽ കടത്ത്, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്തവയാണ് ഈ കേസുകൾ. ഏഴുപേരുള്ള  ഈ കേസിൽ  ഒളിവിൽ കഴിയുന്ന ബാക്കി പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

വളരെ പുതിയ വളരെ പഴയ