പത്തനംതിട്ട : പ്ലസ് വണ്ണിന് പഠിക്കുന്നസമയത്ത് കൂടെ പഠിച്ചിരുന്നയാൾ പലതവണ പീഡനത്തിനിരയാക്കിയെന്ന 23കാരിയുടെ പരാതിയിൽ യുവാവിനെ ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. നാരങ്ങാനം കടമ്മനിട്ട അന്തിയാളൻകാവ് കാഞ്ഞിരത്തോലിൽ വീട്ടിൽ സുമേഷ് സുനിൽ (24) ആണ് അറസ്റ്റിലായത്.
എട്ടാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച പ്രതി ഇപ്പോൾ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുന്നതായും മുൻപ് കൈവശപ്പെടുത്തിയ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. മൊഴിപ്രകാരം ബലാൽസംഗത്തിനും മാനഹാനിപ്പെടുത്തിയതിനും പോക്സോ നിയമപ്രകാരവും ഐ ടി നിയമമനുസരിച്ചുമാണ് ആറന്മുള പോലീസ് കേസെടുത്തിരിക്കുന്നത്.
ഇൻസ്‌പെക്ടർ വി.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ പ്രതിയെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. ചോദ്യം ചെയ്യലുകൾക്കും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.