തിരുവല്ല : വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.
25 ഓളം വിദ്യാർത്ഥികൾ ഈ സമയം സ്കൂളിലെ ബസിൽ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്തെ ചതുപ്പിൽ പുതയുകയായിരുന്നു. ജെസിബി എത്തിച്ച് വൈകിട്ട് ആറുമണിയോടെ ബസ് ചതുപ്പിൽ നിന്ന് കരകയറ്റി.