ചങ്ങനാശ്ശേരി ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ടു പേര് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. മോർകുളങ്ങര തൈപ്പറമ്പിൽ വീട്ടിൽ ബിനീഷ് കുഞ്ഞുമോൻ (35), സഹായി മോർകുളങ്ങര രണ്ടുകുഴിചിറ വീട്ടിൽ ജോമോൻ ശശി (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്.
പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തിലെന്ന വിരോധത്താൽ കഴിഞ്ഞ ദിവസം വൈകുന്നേരം ചെത്തിപ്പുഴ മുന്തിരി കവല ഭാഗത്ത് വച്ച് കാർ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, കല്ലു കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും, കാറിന്റെ മിററും ബോണറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. കാർ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിയിലായവർ നിരവധി ക്രിമിനൽ കേസിൽ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിലെ ഒന്നാം പ്രതി ബിനീഷ് ചെത്തിപ്പുഴ ഭാഗത്ത് വീട് കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്ത കേസിലും, ചെത്തിപ്പുഴ കടവ് ഭാഗത്ത് വെച്ച് യുവാക്കളെ സോഡാ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. രണ്ടാംപ്രതി ജോമോൻ ബിനീഷിന്റെ കൂട്ടാളിയായി പ്രവർത്തിച്ച് ഇതേ ദിവസം തന്നെ രണ്ട് കേസിലും പ്രതിയാണ്.
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഒന്നാംപ്രതി ബിനീഷ് 20 ലധികം കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമ പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായിരുന്ന ഇയാൾ 2024- ഡിസംബറിൽ ആണ് ജയിൽ മോചിതനായത്.