പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ പരിശോധനകൾ തുടരുന്നു. ഇന്നലെ അടൂർ കോട്ടമുകളിൽ നിന്നും യുവാവിനെ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന അടൂർ കോട്ടമുകൾ സബീർ മൻസിൽ വീട്ടിൽ മുഹമ്മദ് സബീർ (20) ആണ് പിടിയിലായത്. ഇയാളുടെ കൈവശം സൂക്ഷിച്ചനിലയിൽ ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് വീടിനുമുന്നിൽ റോഡിൽ വച്ച് കഞ്ചാവ് പിടിച്ചെടുത്തു. അടൂർ പോലീസ് തുടർ നടപടി സ്വീകരിച്ചു, പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ മേൽനോട്ടത്തിൽ, എസ് ഐ അനൂപ് രാഘവന്റെ നേതൃത്വത്തിലാണ് നടപടികൾ കൈക്കൊണ്ടത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തു. കഞ്ചാവ് വിൽക്കാൻ സൂക്ഷിച്ചതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഇന്നും തുടരുന്ന റെയ്‌ഡുകളിൽ രണ്ടു പേരെ കഞ്ചാവുമായി ഡാൻസഫ് ടീമും ലോക്കൽ പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തു. പന്തളം കടയ്ക്കാടുനിന്നും പന്തളം മുട്ടാർ നൂർബത് വീട്ടിൽ മുഹമ്മദ് അസ്‌ല( 21) മിനെയാണ് കഞ്ചാവുമായി പിടികൂടിയത്. ഡാൻസാഫ് സംഘവും പന്തളം പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് റെയ്ഡിന് നേതൃത്വം നൽകി.
തിരുവല്ല കുറ്റപ്പുഴ നിന്നും തിരുവല്ല കുറ്റപ്പുഴ വാരിക്കാട് ഈരാറ്റപ്ലാമൂട്ടിൽ അലൻ അലക്സാണ്ടർ (25)കഞ്ചാവുമായി പിടിയിലായി. ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് പരിശോധനക്ക് നേതൃത്വം നൽകി. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു.