തിരുവല്ല : ബൈക്ക് മോഷ്ടിച്ച കേസിൽ തൊടുപുഴ കാരിക്കോട് താഴെതോട്ടിൽ ടി.ടി. ബിജു (50) അറസ്റ്റിലായി. പായിപ്പാട് നാലുകോടി കല്ലുപറമ്പിൽ സുധീഷിന്റെ ബൈക്കാണ് കഴിഞ്ഞ 24-ന് 3.30-ന് കവർന്നത്.
തിരുവല്ല വൈഎംസിഎ ജങ്ഷന് സമീപമുള്ള ഫ്ളാറ്റിന് മുന്നിൽ വെച്ചിരിക്കുകയായിരുന്നു ബൈക്കിന്റെ ലോക്ക് പൊട്ടിച്ചത്തിനു ശേഷം ഉരുട്ടി സമീപത്തെ വർക്‌ഷോപ്പിൽ എത്തിച്ച ബിജു താക്കോൽ കളഞ്ഞുപോയെന്ന് ജീവനക്കാരെ അറിയിച്ചു. മെക്കാനിക്ക് ബൈക്ക് സ്റ്റാർട്ടാക്കി നൽകി. തുടർന്ന് തൊടുപുഴയിലേക്ക് ഓടിച്ചുപോയി. പിന്നീട് തിരുനക്കരയിൽ എത്തിക്കുകയായിരുന്നു.
മോഷ്ടിച്ച ബൈക്ക് തിരുനക്കര മൈതാനത്തുനിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബൈക്ക്, മൊബൈൽ തുടങ്ങിയവ മോഷ്ടിച്ചത് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ് ഇയാൾ. വീടുകളിൽ കയറി പണപ്പിരിവ് നടത്തി മദ്യപിക്കുന്ന ശീലവും ഇയാൾക്കുണ്ട്. ആളില്ലാത്ത വീടുകളാണെങ്കിൽ അവിടെ നിന്ന് പണമോ മൊബൈൽ ഫോണോ മോഷ്ടിക്കും.
ഏറ്റവും ഒടുവിൽ കുറുവിലങ്ങാട് പള്ളിയിൽനിന്ന് രണ്ട് മൊബൈൽ മോഷ്ടിച്ചതായും ചോദ്യംചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.