ADS!

തിരുവല്ലയിൽ വാഹനം ഇടിച്ച് പൂച്ചപ്പുലി ചത്തനിലയിൽ

തിരുവല്ല : തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ മണിപ്പുഴയിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തി. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ മണിപ്പുഴ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് സമീപത്താണ് ഇന്നലെ രാവിലെ ആറിന് പത്രവിതരണക്കാർ പുലിക്ക് സമാനമായ ജീവിയെ ചത്ത നിലയിൽ കണ്ടത്. വാഹനം ഇടിച്ച് ചത്തതാണെന്ന് സംശയിക്കുന്നു. 

രണ്ടാഴ്ച മുമ്പ് മണിപ്പുഴയിലെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ പുരയിടത്തിൽ പുലിക്ക് സമാനമായ ജീവിയെ കണ്ടതിനെ തുടർന്ന് നാടകെ ഭീതി പടർന്നിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ വനപാലക സംഘം ഇത് പൂച്ചപ്പുലി ആണെന്ന് സ്ഥിരീകരിച്ചിരുന്നു. 

ഇന്നലെ ചത്ത നിലയിൽ കണ്ടതും പൂച്ചപ്പുലിയാണെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി. എന്നാൽ മുമ്പ് ഇവിടെ കണ്ടതിന്റെ അത്രയും വലുപ്പവും പ്രായവും ഇല്ലാത്തതാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി പൂച്ചപ്പുലിയെ വനം വകുപ്പ് അധികൃതർ കൊണ്ടുപോയി. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം കുഴിച്ചിട്ടതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ