തിരുവല്ല: ന്യൂജൻ ബൈക്കുകളിൽ നടു റോഡിൽ അഭ്യാസം; പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. ബൈക്കിന്റെ റജിസ്റ്റേഡ് ഉടമയും ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ മാതാവുമായ കുറ്റൂർ വെൺപാല സ്വദേശിക്കെതിരെയാണ് നടപടി. ഞായറാഴ്ച എംസി റോഡിൽ നമ്പർ പ്ലേറ്റ് മറച്ച് യുവാക്കൾ അഭ്യാസം നടത്തിയ സംഭവത്തിലാണ് നടപടി. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന അപകടകരമായ ഡ്രൈവിങ്, ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുക, ബൈക്കിന്റെ അനിധികൃതമായ രൂപ മാറ്റം, മൂന്നുപേർ ചേർന്ന് യാത്ര ചെയ്യുക എന്നീ വകുപ്പുകൾ ചുമത്തി 7250 രൂപ എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കി. നടപടിയുടെ ഭാഗമായി യുവാവിന്റെ ലൈസൻസും സസ്പെൻഡ് ചെയ്യും. തിരുവല്ല പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് പിടികൂടിയത്.
നമ്പർ പ്ലേറ്റ് ഇല്ലാത്തതും പേപ്പറും കൈയ്യും ഉപയോഗിച്ച് മറച്ചതും ആയ രണ്ട് ബൈക്കുകളിലായി ഹെൽമറ്റ് ധരിക്കാതെ ആറംഗ സംഘം നടത്തിയ അഭ്യാസമാണ് നടപടിക്ക് ഇടയാക്കിയത്. ഞായർ വൈകിട്ട് നാലുമണിയോടെ എംസി റോഡിലെ കുറ്റൂർ മുതൽ കല്ലിശേരി വരെ സംഘം നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ മൊബൈൽ ദൃശ്യം അടക്കം വാർത്തയായതിന് പിന്നാലെയാണ് നടപടി. പിടിയിലായ ബൈക്കിൽ യുവാവിന് ഒപ്പം സുഹൃത്തുക്കളായ രണ്ടു പേർ കൂടി സഞ്ചരിച്ചിരുന്നു.
ഈ സംഘത്തോടൊപ്പം അപകടകരമായി മൂന്നു പേരുമായി യാത്ര ചെയ്തിരുന്ന ബൈക്ക് കണ്ടെത്താനുള്ള നടപടികൾ പൊലീസും മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്. യുവാക്കളുടെ ബൈക്കിന് പിന്നാലെയെത്തിയ കാർ യാത്രികൻ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.