പന്തളം: കുടുംബപരമായ തർക്കങ്ങളുടെ പേരിൽ വീട്ടിൽ കയറി വയോധികനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. കുടുംബപ്രശ്നങ്ങൾ നിലനിൽക്കെ, മകൻ വീട്ടിൽ കയറി അച്ഛനെ മർദ്ദിക്കുകയും വടികൊണ്ട് കൈ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പന്തളം തെക്കേക്കര പറന്തൽ കൈരളി ജംഗ്ഷൻ പ്രശാന്തി വീട്ടിൽ പൊടിയനാ(73)ണ് മർദ്ദനമേറ്റത്. പന്തളം തെക്കേക്കര മന്നം നഗർ പെരുമ്പുളിക്കൽ ധ്വനി ( പ്രശാന്തി )വീട്ടിൽ പി പ്രദീപ്കുമാർ(40) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.ഇയാൾ കുടുംബമായി മറ്റൊരു വീട്ടിൽ താമസിക്കുകയാണ്.
ഈ മാസം നാലിന് വൈകിട്ട് 7ന് വീട്ടിൽ കുറ്റകരമായി അതിക്രമിച്ചുകടന്ന പ്രതി, പൊടിയനെ അസഭ്യം വിളിച്ചു. തടയാൻ ശ്രമിച്ചപ്പോൾ വടി കൊണ്ട് ഇടതു കൈക്കുഴക്ക് മുകളിൽ അടിച്ചു, ഈ ഭാഗത്തെ അസ്ഥി പൊട്ടി. വീട് തന്റേതാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കയറുന്ന വാതിൽ പ്രതി ചവിട്ടിപ്പൊളിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പൊടിയൻ, ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പന്തളം പോലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തി. എസ് ഐ ആർ മനോജ് കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് ഇന്ന് രാവിലെ 8 15ന് കൈരളി ജംഗ്ഷന് സമീപത്തു നിന്നും പ്രതിയെ പോലീസ് സംഘം പിടികൂടി. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് നിരീക്ഷണത്തിൽ സൂക്ഷിച്ചു. വിശദമായി ചോദ്യം ചെയ്യുകയും സാക്ഷികളെ കാണിച്ചു തിരിച്ചറിയുകയും ചെയ്തു. പിന്നീട് 9 ന് അറസ്റ്റ് രേഖപ്പെടുത്തി.
പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് സി പി ഓമാരായ എസ് അൻവർഷാ, വൈ ജയൻ, അനീഷ് എന്നിവരാണ് എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.