റാന്നി : കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ കെഎസ്ആർടിസി ബസ് വീടിന്റെ മതിലിൽ ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു. കാർ ബസിന്റെ വശത്തിടിച്ചു കയറുകയും ചെയ്തു. തിരുവല്ല മുത്തൂർ സ്വദേശി ഷാജി, റാന്നി ചാമക്കാലായിൽ ജലജ (54), ഉതിമൂട് വേങ്ങമൂട്ടിൽ സണ്ണി വി.ജോർജ് (52), ജിനോ (21), വൃന്ദാവനം മുണ്ടപ്പള്ളിൽ ബിന്ദു (39), ജോബിയ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വെള്ളിയാഴ്ച ഒരു മണിയോടെ റാന്നി-അരുവിക്കൽ റോഡിൽ അങ്ങാടി പറക്കുളം ഉന്നക്കാവ് പോസ്റ്റ് ഓഫീസ് പടിക്ക് സമീപമാണ് അപകടമുണ്ടായത്. തിരുവല്ലയിൽ നിന്ന് റാന്നിയിലേക്ക് വന്ന കെഎസ്ആർടിസി ബസാണ് മതിലിൽ ഇടിച്ചത്. എതിർദിശയിലെത്തിയ കാറിലിടിക്കാതിരിക്കാൻ വശത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു.
തിട്ടയിൽ ഇടിച്ചബസ് മുന്നോട്ടു നീങ്ങി വെങ്ങാഴിയിൽ ഷാജി വി.തോമസ് മാത്യുവിന്റെ വീടിന്റെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ മതിൽ ബസിന്റെ ഉള്ളിലേക്ക് കയറിയനിലയിലായിരുന്നു. കാർ ബസിന്റെ വശത്തിടിച്ച് കാറിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.