ADS!

പത്തനംതിട്ട സ്വദേശിയായ യുവതി എം ഡി എം എയുമായി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി

 


കോഴിക്കോട്:  ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി കരിപ്പൂർ പോലീസിൻറെ പിടിയിലായി. മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഒരുകിലോ എം ഡി എം എ കണ്ടെത്തിയത് . യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും കൂടിയാണ് അറസ്റ്റ് ചെയ്തത്. 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്ത് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട നെല്ലിവലയിൽ എൻ.എസ്.സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത് എന്ന് പോലീസ് പറയുന്നു. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനിൽ പോയത്. കണ്ണൂർ സ്വദേശിയായ പരിചയക്കാരൻ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാം നാൾ സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫൽ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരിൽ നിന്ന് അത് സ്വീകരിക്കാൻ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരിൽ പൊലീസും ഉണ്ടാകുമെന്ന് സൂര്യക്ക് മനസ്സിലായില്ല.

പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയ്യിൽ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ വാഹനം കണ്ട് കരിപ്പൂർ പൊലീസിന് തോന്നിയ സംശയമാണ് നിർണായക അറസ്റ്റിലേക്ക് എത്തിച്ചത്.

മിഠായി കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സൂര്യയുടെ ബാഗിനകത്തായിരുന്ന ഈ ലഹരിമരുന്ന് വിമാനത്താവളത്തിലെ പരിശോധനയെ വിജയകരമായി മറികടന്നു. എന്നാൽ പുറത്ത് കാത്തുനിന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസിന് സംശയങ്ങൾ ബലപ്പെട്ടത് സൂര്യ എത്തിയപ്പോഴാണ്. അധികം വൈകാതെ നാല് പേരും അറസ്റ്റിലായി. 

കരിപ്പൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. അന്തർദേശീയ ലഹരി കടത്ത് സംഘത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക അറസ്റ്റാണ് സൂര്യയിലൂടെ ഇന്ന് കരിപ്പൂർ പൊലീസ് നടത്തിയത്. 

ലഹരിക്കടത്തിനു വനിതാ യാത്രക്കാരെ ഉപയോഗപ്പെടുത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വലിയ അളവിൽ എംഡിഎംഎ പിടി കൂടുന്നത് കോഴിക്കോട് വിമാനത്താവളത്തിൽ ഇതാദ്യമാണ്. സൂര്യ എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണ് പോലീസ് നിഗമനം. ഇതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

വളരെ പുതിയ വളരെ പഴയ