പത്തനംതിട്ട: വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്.
അശ്ലീലം പറഞ്ഞ് അപമാനിച്ച പ്രതി, വസ്ത്രം മാറ്റി തന്റെ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം വിളിച്ച് അപമാനിക്കുകയും, ഭയപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ മൊഴിപ്രകാരം കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി.
പ്രതിക്കായുള്ള തെരച്ചിലിൽ കലഞ്ഞൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു, തുടർന്ന് അറസ്റ്റ് ചെയ്തു. മറ്റു നടപടികൾക്ക് ഒടുവിൽ കോടതിയിൽ ഹാജരാക്കി.